Pages

Saturday, September 06, 2025

നബിദിനത്തിലെ മാവേലി

രണ്ടു  പേർ കണ്ടുമുട്ടുമ്പോൾ കൈ കൊടുത്ത് സലാം പറയണം എന്ന് ഉസ്താദ് മദ്രസയിൽ നിന്ന് പഠിപ്പിച്ചിരുന്നു. മാവേലിയെ ആദ്യമായി കണ്ട കൊച്ചുമോൻ ഓടിച്ചെന്ന് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു -

"അസ്സലാമു അലൈക്കും "🤩

ചിരിയടക്കാൻ ഞങ്ങൾ പാടുപെടുന്നതിനിടയിൽ മാവേലിയുടെ മറുപടി -

"വ അലൈക്കുമുസ്സലാം"😆

നബിദിനവും തിരുവോണവും ഒരുമിച്ച് വന്നാലുള്ള ഓരോരോ മുസീബത്തുകൾ 🫣🫣


Wednesday, September 03, 2025

ഒരു "ജഹാംഗീർ" ചരിതം

എൻ്റെ മൂത്ത മകൾ ലുലുവിൻ്റെ നിക്കാഹ് നടന്നത് 2024 ആഗസ്റ്റ് പതിനഞ്ചിനാണ്. അപ്പൻ എന്ന പദവിയിൽ നിന്ന് അമ്മായി അപ്പൻ എന്ന പദവിയിലേക്ക് (ഭാവിയിൽ അപ്പൂപ്പൻ എന്ന പദവിയിലേക്കും ) അന്ന് എനിക്ക് പ്രമോഷൻ ലഭിച്ചു. അഞ്ച് ദിവസം കഴിഞ്ഞ് ആഗസ്റ്റ് ഇരുപതിനാണ് എൻ്റെ നേതൃത്വത്തിൽ ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയുടെ രണ്ടാം സംഗമം "ഒരു വട്ടം കൂടി - സീസൺ 2"  നടന്നത്. സംഗമത്തിൻ്റെ ഓർമ്മയ്ക്കായി, പങ്കെടുത്തവർക്കെല്ലാം 'നീലിഷ' ഇനത്തിൽ പെട്ട ഓരോ മാവിൻ തൈകൾ നൽകിയിരുന്നു.എനിക്ക് കിട്ടിയത് 'ജഹാംഗീർ' എന്ന ഇനത്തിൽ പെട്ട ഒരു തൈ ആയിരുന്നു.

2024 ആഗസ്റ്റ് 26 നാണ് പുതിയ മരുമകൻ ആദ്യമായി വിരുന്നു വന്നത്. ജീവിതത്തിലെ വിശേഷ ദിവസങ്ങൾ ഭൂമിയിൽ അടയാളപ്പെടുത്തുന്ന എൻ്റെ 'ഫലവൃക്ഷപ്പിരാന്ത്'  അന്ന് വീണ്ടും പുറത്ത് ചാടി. ലോക ചരിത്രത്തിലാദ്യമായി മരുമകൻ്റെ ഒന്നാം വരവിൻ്റെ സ്മാരകം പണിത ഒരു അമ്മായി അപ്പനായി ഞാൻ മാറി. പത്താം ക്ലാസ് സംഗമത്തിന് കിട്ടിയ 'ജഹാംഗീർ ' മാവിൻ തൈ മകളും മരുമകനും കൂടി മുറ്റത്ത് നട്ടു. അങ്ങനെ, ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് നട്ട കാശ്മീരിൽ നിന്ന് കൊണ്ടു വന്ന ആപ്പിൾ തൈക്ക് കാശ്മീരുമായി അഭേദ്യ ബന്ധമുള്ള 'ജഹാംഗീർ' തന്നെ ഒരു കൂട്ടായി.

വർഷം ഒന്ന് പറന്നങ്ങ് പോയി. 'ജഹാംഗീർ' തളിർത്തും കിളിർത്തും വളർന്നു. മുറ്റത്ത് തല ഉയർത്തി നിൽക്കുന്ന 'ജഹാംഗീർ' ൻ്റെ കൂടെ മകളും മരുമകനും ഒരിക്കൽ കൂടി ഇന്ന് നിന്ന് നോക്കി. അന്നത്തെ കുഞ്ഞൻ തൈ ഇന്ന് മരുമകൻ്റെ തലയ്ക്ക് മീതെ എത്തി. താമസിയാതെ മാങ്ങ പറിക്കാനും 'ജഹാംഗീർ' അവസരം സൃഷ്ടിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Saturday, August 30, 2025

അണ്ടനും അടകോടനും

 "അല്ല മനുഷ്യാ... നിങ്ങളോടിത് എത്ര തവണയായി പറയുന്നു..?" ഭാര്യ കുഞ്ഞിമ്മുവിൻ്റെ ചോദ്യം കേട്ട് ആബു മാസ്റ്റർ ഒന്നാലോചിച്ചു നോക്കി. 

'രാവിലെ എണീറ്റ് പോരുമ്പോൾ കിടക്ക വിരിപ്പ് മടക്കി വയ്ക്കൽ ? അത് ഞാൻ ചെയ്തതാണല്ലോ?'

'ടോയ്ലറ്റിൽ മൂത്രം ഒഴിച്ചാൽ ഫ്ലഷ് ചെയ്യൽ ? അതും ഇന്ന് കൃത്യമായി ചെയ്തിട്ടുണ്ട്.'

'ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വയ്ക്കൽ ? അത് മോൾ ചെയ്യാം എന്ന് ഏറ്റിട്ടുണ്ട്'

'വായിച്ചു കഴിഞ്ഞ പത്രം കോണിക്കൂടിന് അടിയിലുള്ള റാക്കിൽ എടുത്ത് വയ്ക്കൽ ? അതിപ്പോ, ഇന്നത്തെ പത്രം വന്നതല്ലേ ഉള്ളൂ ?'

മാസ്റ്ററുടെ ചിന്ത പല വഴിക്കും ഓടി നോക്കി. സ്ഥിരം പറയുന്നതൊന്നും തന്നെ വീണ്ടും പറയിപ്പിക്കാൻ ഇന്ന് ഒരവസരവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും എന്താണാവോ??

"അതേയ്...എന്തിൻ്റെ കാര്യമാ നീ ഈ പറയുന്നത് " ഒരെത്തും പിടിയും കിട്ടാത്തതിനാൽ ആബു മാസ്റ്റർ ചോദിച്ചു.

"അതെന്നെ.... എത്ര പറഞ്ഞാലും സമ്മതിക്കില്ല...പിന്നെങ്ങനാ ഓർമ്മ കിട്ടുക..."

'പടച്ചോനെ, ഇതിപ്പോ വല്ലാത്ത പുലി വാലായാല്ലോ?' ആബു മാസ്റ്റർ ആത്മഗതം ചെയ്തു.

"മനുഷ്യനായാൽ ഒരു സ്റ്റാറ്റസ് ഒക്കെ വേണം..." കുഞ്ഞിമ്മു പറഞ്ഞു.

"സ്റ്റാറ്റസിന് ആർക്കാ ഇപ്പോ കൊറവ്?"

"എവിടെ നിങ്ങളെ സ്റ്റാറ്റസ് ? ഒന്ന് കാണട്ടെ..." കുഞ്ഞിമ്മു ഫോണുമായി കടന്നു വന്നു.

"ഓ... വാട്സാപ്പ് സ്റ്റാറ്റസ് .... "

"ആ... ഇപ്പോ എല്ലാരും നോക്കുന്ന സ്റ്റാറ്റസ് അതാ...." 

"ശരി... ശരി.... വൈകുന്നേരം ആവുമ്പഴേക്കും റെഡിയാക്കി തരാം..." ആബു മാസ്റ്റർ വാക്കു കൊടുത്തു.

'ഓരോ അണ്ടൻമാർ ചെരിഞ്ഞ് നിക്കുന്നതും ചൊറിഞ്ഞ് നിൽക്കുന്നതും കുനിഞ്ഞ് നിൽക്കുന്നതും സ്റ്റാറ്റസ് എന്ന പേരിൽ ഇടാ.... അത് തോണ്ടി തോണ്ടി നോക്കാൻ ഇതുപോലെ കൊറെ മണ്ടികളും.. ' ആബു മാസ്റ്റർ മനസ്സിൽ പറഞ്ഞു. ശേഷം സ്റ്റാറ്റസിടാൻ പറ്റിയ ഒരു സംഗതി ആലോചിച്ചു.

'ചക്ക തലയിൽ വച്ച് നിക്കുന്നത് ഇട്ടാലോ? ങാ.... വേണ്ട...ഏതേലും ചക്ക പ്രാന്തൻ്റെ കൊതി തട്ടും...'

'ഒരു ടൂർ ഫോട്ടോ ആക്കാം ... അല്ലെങ്കി വേണ്ട ... മുഴുസമയ തെണ്ടി എന്ന് പേര് വീഴും..'

'കുഞ്ഞിമ്മുവിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് ബെസ്റ്റ് .... അപ്പോ ഓൾക്കും സമാധാനമാവും ...അല്ലെങ്കി അതും വേണ്ട ... ഓള് വിചാരിച്ച പോലെയുള്ള ഫോട്ടോ അല്ലെങ്കിൽ പിന്നെ സകല സ്റ്റാറ്റസും പോകും..'

'ഓ..... കിട്ടിപ്പോയ് ... ഇന്നലെ എടുത്ത ആ ഫോട്ടോ... കിടിലൻ ... അതാവുമ്പം ഒരു ലുക്കും ഉണ്ട് ..... ' 

അങ്ങനെ തലേന്ന് എടുത്ത ഫോട്ടോകളിൽ ഒന്ന് ആബു മാസ്റ്റർ സ്റ്റാറ്റസിട്ടു. ശേഷം കുഞ്ഞിമ്മുവിൻ്റെ പ്രതികരണം അറിയാനായി അക്ഷമനായി കാത്തിരുന്നു. സമയം വൈകുന്നേരമായി.

'അയ്യേ.. ഇതാരാ ....?' കുഞ്ഞിമ്മുവിൻ്റെ ചോദ്യം കേട്ട് ആബു മാസ്റ്റർ തിരിഞ്ഞ് നോക്കി.തൻ്റെ വാട്സാപ്പ് സ്റ്റാറ്റസിലേക്കാണ് അവളുടെ നോട്ടം എന്ന് മാസ്റ്റർക്ക് മനസ്സിലായി. 

"അത് മനോജ്... "

"ഏത് ... മനോജ് ?"

"സിനിമാ നടൻ മനോജ്.. "ആബു മാസ്റ്റർ ഒരു കുലുക്കവുമില്ലാതെ പറഞ്ഞു.

"ങേ! ഉർവശിയെ തലാഖ് ചൊല്ലിയ മനോജോ ?"

"അല്ല ... മനോജ് രവീന്ദ്രൻ ..'' ആബു മാസ്റ്റർ തറപ്പിച്ച് പറഞ്ഞു.

"അല്ലേലും ഇത് മാതിരി ആരും കേൾക്കാത്ത നടൻമാരെ ഒപ്പം നിന്ന് ഓരോരോ ഫോട്ടോ എടുക്കും .... കൊറച്ച് മുമ്പും ഹലാക്കിലെ പേരുള്ള ഒരു വയസ്സൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ ഇട്ടിരുന്നല്ലോ..."

"അതെ...ശത്രുഘ്നൻ... "

"ങാ... അന്നേ ഞാൻ പറഞ്ഞതാ ... ആയിരം കൊരങ്ങൻമാരെ ഒപ്പം നിൽക്കുന്നതിലും ഭേദം ഒരു നിമിഷത്തേക്ക് ഒരു സിംഹത്തിൻ്റെ കൂടെ നിൽക്കുന്നതാണ് എന്ന്.."

"എടീ മനോജ് രവീന്ദ്രൻ എന്ന് പറഞ്ഞാൽ നമ്മളെപ്പോലെ ഇന്ത്യ ചുറ്റി യാത്ര ചെയ്യുന്ന...''

"ഉം... എനിക്ക് അറീല..."

"എടീ... നമ്മുടെ നിരക്ഷരൻ മനോജ് ..."

"അയ്യേ...ഇക്കാലത്തും ഉണ്ടോ നിരക്ഷരന്മാർ" 

"ശരിക്കും നിരക്ഷരനല്ല... അത് ഒരു അലങ്കാരത്തിന് ചേർത്തതാണ് .."

"ങാ.... അതെന്നെയാ ഞാൻ നോക്കുന്നത്... നല്ല ബുൾഗാൻ താടിവച്ച് സാഹിത്യകാരന്മാരെ പോലെ ... എന്നിട്ട് നിരക്ഷരൻ എന്നോ ? "

"ഹാവൂ... ഇപ്പഴെങ്കിലും അനക്ക് സമാധാനായല്ലോ..."

"ങാ..... ഏതായാലും അണ്ടനും അടകോടനും നല്ല ചേർച്ചയുണ്ട് "

ആബു മാസ്റ്റർക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.



Wednesday, August 27, 2025

ബാക്ക് ടു ഹോം (ഡൽഹി ദിൻസ് - 11)

ഡൽഹി ദിൻസ് - 10

നാട്ടിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് തന്നെയായിരുന്നു. പുലർച്ചെ അഞ്ചര മണിക്കായിരുന്നു ട്രെയിൻ.നാല് മണിക്കെങ്കിലും ഉണരണം എന്ന് സാരം. അതിനാൽ തന്നെ ബട്ലയിൽ നിന്ന് മടങ്ങി എത്തിയവർ ഇനി ഉറങ്ങണോ വേണ്ടേ എന്ന കൺഫ്യുഷനിൽ ആയിരുന്നു. ഞാൻ ഏതായാലും ഉറക്കം മുടക്കിയില്ല.

ഡൽഹിയിൽ സമയ പരിധിയുള്ള എന്തിനും കൃത്യ സമയത്ത് എത്തിച്ചേരാൻ ഊബർ ബുക്ക് ചെയ്യുന്നതാണ് ബുദ്ധി. അന്നേരത്ത് ടാക്സി വിളിക്കാം എന്നോ ബസ്സിൽ പോകാം എന്നോ തീരുമാനിക്കുന്നത്, അപ്രതീക്ഷിത ഗതാഗത കുരുക്കുകൾ കാരണം നല്ലതല്ല. അതിനാൽ സ്റ്റേഷനിലേക്ക് പോകാനായി ഞങ്ങളും ഒരു ഊബർ നാല് മണിക്ക് വരാനായി ബുക്ക് ചെയ്തു. അത് പ്രകാരം ടാക്സി പുലർച്ചെ മൂന്നര മണിക്ക് തന്നെ എത്തി വിളിക്കാൻ തുടങ്ങി. എല്ലാവരെയും വിളിച്ചുണർത്തി റെഡിയാകുമ്പോഴേക്കും നാലര മണിയായി. കാത്തിരിപ്പിന് അധികതുക ഈടാക്കും എന്ന നിബന്ധനയിൽ ഡ്രൈവർ കൃത്യ സമയത്തിനുള്ളിൽ തന്നെ ഞങ്ങളെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് തന്നു.  

പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷൻ വിട്ടു. അനുഭവ സമ്പന്നമായ ഒരു യാത്ര കൂടി ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ദിനരാത്രങ്ങളിലേക്ക് എല്ലാവരുടെയും ചിന്തകൾ ഊളിയിട്ടു കൊണ്ടിരുന്നു. പുറത്ത് പ്രകാശം പരക്കാൻ തുടങ്ങി. അവസാന നിമിഷം കൺഫേം ആയ ടിക്കറ്റ് ആയതിനാൽ ഒരേ ബോഗിയിൽ പല സ്ഥലത്തായിട്ടായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അവസാന നിമിഷം ചേർന്നതായതിനാൽ മരുമകന് സ്ലീപ്പർ കോച്ചിലും ആയിരുന്നു സീറ്റ് ലഭിച്ചത്. പലരെയും പരിചയപ്പെടാൻ ഇത് വഴി സാധിച്ചു. 

എൻ്റെ മുൻ യാത്രകളെ അപേക്ഷിച്ച് വളരെയധികം ഹോം വർക്ക് ചെയ്ത ഒരു യാത്രയായിരുന്നു ഇത്. അതിനാൽ തന്നെ പ്ലാൻ ചെയ്ത തൊണ്ണൂറ്റഞ്ച് ശതമാനവും പൂർത്തീകരിക്കാൻ കഴിഞ്ഞു.വിവിധ മതങ്ങളെപ്പറ്റിയും അവരുടെ ആരാധനാലയങ്ങളെപ്പറ്റിയും പഠിക്കുന്ന ലിദുമോന് മുസ്ലിം - ഹിന്ദു -സിഖ് - ബുദ്ധ - ബഹായി മതക്കാരുടെ ഇന്ത്യയിലെ പ്രശസ്തമായ ആരാധനാലയങ്ങൾ തന്നെ കാണാൻ അവസരം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലൂന മോൾക്ക് ഇന്ത്യാചരിത്രത്തിലെ വിവിധ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ തന്നെ നേരിട്ട് കാണാൻ സാധിച്ചു. മറ്റുള്ളവർക്കാണെങ്കിൽ ഡൽഹിയിലെ സ്ഥിരം കാഴ്ചകൾക്ക് പുറമെയുള്ള നിരവധി സ്ഥലങ്ങളും കാണാനായി.പന്ത്രണ്ട് ദിവസം നീണ്ട ഡൽഹി & മണാലി യാത്രക്ക് ഏഴ് പേർക്കും കൂടി മൊത്തം ചെലവായത് 77000 രൂപയായിരുന്നു.

മൂന്നാം ദിവസം പുലർച്ചെ ഞങ്ങൾ കോഴിക്കോട്ടെത്തി.കാർ വെസ്റ്റ്ഹില്ലിലെ എൻ്റെ കോളേജിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. അൽപനേരം വിശ്രമിക്കുമ്പോഴേക്കും നേരം പുലരും എന്നും അപ്പോൾ ബസ്സിൽ കയറിപ്പോയി കാർ എടുത്ത് വരാമെന്നുമായിരുന്നു ടൂർ തുടങ്ങുമ്പോൾ എൻ്റെ പദ്ധതി. ടൂർ കഴിഞ്ഞ് മടങ്ങുമ്പോൾ പ്ലാൻ മാറ്റി , ഓട്ടോ പിടിച്ച് പോയി കാർ എടുത്ത് പോരാം എന്നാക്കി മാറ്റി. ബട്ട്, ട്രെയിനിൽ വെച്ച്  പരിചയപ്പെട്ട ഒരു വെസ്റ്റ്ഹിൽ സ്വദേശി ഓട്ടോയിലാണ് പോകുന്നത് എന്നും എന്നോട് അതിൽ കയറാനും നിർദ്ദേശിച്ചു. അദ്ദേഹത്തിൻ്റെ കൂടെ കോളേജിലെത്തി വാച്ച്മാനെ വിളിച്ചുണർത്തി ഗേറ്റ് തുറപ്പിച്ച് ഉറക്കം ഭംഗം വരുത്തിയതിന് അദ്ദേഹത്തോട് ക്ഷമാപണവും നടത്തി കാറെടുത്ത് ഞാൻ റെയിൽവെ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ഫാമിലിയെയും കൂട്ടി വീട്ടിലെത്തുമ്പോൾ അയൽപക്കത്തെ പള്ളിയിൽ നിന്ന് സുബഹ് ബാങ്ക് വിളിക്കാൻ തുടങ്ങിയിരുന്നു.

യാത്ര അനുഭങ്ങളുടെ കാഴ്ചബംഗ്ലാവാണ്. അതിനിയും തുടർന്ന് കൊണ്ടേ ഇരിക്കും. ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണ് ഓർമ്മ വരുന്നത് - "Travel brings power and love back into your life." 


(അവസാനിച്ചു)


Sunday, August 24, 2025

സരോജിനി മാർക്കറ്റിൽ വീണ്ടും (ഡൽഹി ദിൻസ് - 10)

ഡൽഹി ദിൻസ് - 9 

അങ്ങനെ ഈ ട്രിപ്പിലെ കാഴ്ചകൾ കാണാനുള്ള അവസാന ദിവസമായി. ഡൽഹിയിൽ നാല് ദിവസവും മണാലിയിൽ രണ്ട് ദിവസവും അടയ്ക്കം ആറ് ദിവസമായി കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങിയിട്ട്.പക്ഷേ, ഇന്നലെ കഴിഞ്ഞ് പോയ പോലെയാണ് പലതും അനുഭവപ്പെട്ടത്.

ഇന്നത്തെ പ്രധാന പരിപാടി മക്കളുടെ തിഹാർ ജയിൽ സന്ദർശനമായിരുന്നു. ലുലുവും ലൂനയും ആയിരുന്നു ഇന്നത്തെ സന്ദർശകർ. ലുഅ അവരെയും കൂട്ടി കാലത്ത് തന്നെ പുറപ്പെട്ടു. ഞങ്ങളുടെ അനുഭവത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാൽ അവർക്ക് എല്ലാം സുഗമമായി. ഞങ്ങൾക്ക് തന്ന പോലെ അവർക്കും അവരുടെ മൂത്താപ്പ ഒരു സഞ്ചി നിറയെ സമ്മാനങ്ങൾ നൽകി.

ആദ്യ ദിവസം ഷഹീൻ ബാഗിൽ പോയതൊഴിച്ചാൽ ഇത്രയും ദിവസം ഷോപ്പിംഗിന് ഒരവസരം ലഭിച്ചിരുന്നില്ല. മിക്കവാറും എല്ലാ മാർക്കറ്റുകളും എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സമയ പരിമിതി അവ എല്ലാം തടഞ്ഞു. മുൻ ഡൽഹി സന്ദർശന വേളയിൽ സന്ദർശിച്ച സരോജിനി മാർക്കറ്റ് സന്ദർശിക്കണം എന്ന് ഭാര്യക്കും മക്കൾക്കും നിർബന്ധമായതിനാൽ തിഹാർ ജയിൽ സന്ദർശനം കഴിഞ്ഞ് മക്കളോട് സരോജിനി മാർക്കറ്റിലേക്ക് എത്താൻ പറഞ്ഞു. ഞങ്ങളും അതേ സമയത്ത് അവിടെ എത്തി.

റെഡി മെയ്ഡ് വസ്ത്രങ്ങളും ബാഗുകളും നല്ല വിലക്കുറവിൽ ലഭ്യമാകുന്ന ഡൽഹിയിലെ മാർക്കറ്റുകളിൽ ഒന്നാണ് സരോജിനി നഗർ മാർക്കറ്റ്. വിലക്കുറവ് ഗുണമേൻമയെ ബാധിക്കുന്നില്ല എന്നാണ് എൻ്റെ ഭാര്യയുടെ പക്ഷം. 2022 ലെ സന്ദർശന വേളയിൽ എടുത്ത വസ്ത്രങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അവളത് സമർത്ഥിക്കുകയും ചെയ്തു. കഫക്കെട്ട് അലട്ടിയതിനാൽ ഇരിക്കാൻ ഒരിടം നോക്കി ഞാനും സാധനങ്ങൾ തിരഞ്ഞ് അവരും നടന്നു. ഇരിക്കാൻ ഒരിടം കിട്ടിയപ്പോൾ തിഹാർ ജയിലിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി എല്ലാവരും കഴിച്ചു. രണ്ട് മണിക്കൂറോളം സരോജിനി മാർക്കറ്റിൽ കറങ്ങി , ഈ ഡൽഹി യാത്രയുടെ ഓർമ്മകൾ നിലനിർത്താൻ ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടി.

പ്ലാൻ ചെയ്ത കാഴ്ചകളിൽ ലോധി ഗാർഡനും ഹുമയൂൺ ടോംബും കാണാൻ ബാക്കിയായിരുന്നു. മഴ ഉരുണ്ട് കൂടുന്നതും ഇരുട്ട് മൂടുന്നതും കാരണം ഏതെങ്കിലും ഒന്ന് മാത്രമേ നടക്കൂ എന്ന് മനസ്സിലായി. നറുക്ക് വീണത് ഹുമയൂൺ ടോംബിനായതിനാൽ ഞങ്ങൾ അങ്ങോട്ട് നീങ്ങി. ടിക്കറ്റ് ഓൺലൈനിൽ എടുത്ത് ഞങ്ങൾ വേഗം അകത്ത് പ്രവേശിച്ചു.മൂന്ന് മാസം മുമ്പ് ഞാനിവിടെ വന്നിരുന്നതിനാൽ  കാണേണ്ട സ്ഥലങ്ങൾ ഞാൻ കൃത്യമായി പറഞ്ഞ് കൊടുത്തു. ടോംബിൻ്റെ മുൻ വശത്തുള്ള പുൽതകിടിയിൽ നിന്ന് ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചു. ഞാൻ അവിടെ തന്നെ വിശ്രമിച്ചു. ബാക്കി എല്ലാവരും ഞാൻ പറഞ്ഞ പോലെ തന്നെ നീങ്ങി കാണാനുള്ളതെല്ലാം കണ്ടു മടങ്ങി.

സമയം രാത്രിയായി. ലുഅ മോൾ പഠിക്കുന്ന ജാമിയ മില്ലിയ കാമ്പസ് കൂടി വെറുതെ ഒന്ന് സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സെക്യൂരിറ്റിക്കാർ അകത്ത് കയറ്റുമോ എന്ന ഒരു ശങ്കയും നില നിൽക്കുന്നുണ്ടായിരുന്നു. ഏതായാലും ഒരു ശ്രമം നടത്താം എന്ന തീരുമാനത്തിൽ ഞങ്ങൾ ജാമിയ മില്ലിയയിൽ എത്തി. സെക്യൂരിറ്റിക്കാരനോട് കാര്യം പറഞ്ഞപ്പോൾ അധികം അകത്തേക്ക് പോകരുത് എന്ന നിബന്ധനയിൽ ഞങ്ങളെ കയറ്റി. ലുഅ യുടെ ഡിപ്പാർട്ട്മെൻ്റും വായനാ മുറിയും ലൈബ്രറിയും എല്ലാം പുറത്ത് നിന്നും വീക്ഷിച്ച് പെട്ടെന്ന് തന്നെ ഞങ്ങൾ റൂമിലേക്ക് മടങ്ങി.

ഡൽഹിയിലെ അവസാന രാത്രി. ലുഅ മോൾ സ്ഥിരം പറയുന്ന ബട്ല ഹൗസ് മാർക്കറ്റ് കൂടി കാണാനുണ്ട്. അവിടെ ലഭിക്കുന്ന നഗോരി ചായയുടെ രുചി കുടുംബവും അറിയണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നടക്കാൻ പ്രയാസമായതിനാൽ ഞാൻ റൂമിൽ തന്നെ കിടന്നു. ബാക്കി എല്ലാവരും ബട്ല ഹൗസ് മാർക്കറ്റിലേക്ക് പോയി. പക്ഷെ, സമയം വൈകിയതിനാൽ നഗോരി ചായയും മറ്റ് സ്പെഷ്യൽ വിഭവങ്ങളും രുചിക്കാൻ അവർക്ക് ഭാഗ്യം കിട്ടിയില്ല. മാർക്കറ്റിൻ്റെ വൈബ് ആസ്വദിച്ച ശേഷം എല്ലാവരും റൂമിലേക്ക് മടങ്ങി.

Next : ബാക്ക് ടു ഹോം